Monday 23 December 2013

ഡോ.ടി.തോമസ്(1917-1998)

ഡോ.ടി.തോമസ്(1917-1998)
ആദ്യ മലയാളി തൊറാസിക് സർജൻ
കാർഡിയാക് സർജൻ എന്നതിനു പുറമേ ഗ്രന്ഥകാരനും കവിയുമായിരുന്നു
ഡോ.തോമസ് തോമസ് എന്ന ടി.തോമസ്(August 29, 1917 – October 31, 199
പ്രശസ്ത കാർഡിയാക് സർജൻ റീവ് എച്ച് മെറ്റ്സിന്റെ ( Reeve H. Betts)കീഴിൽ
 വെല്ലൂരിൽ പരിശീലനം കിട്ടിയ ആദ്യ മലയാളി ഡോക്ടർ.മദ്രാസ് മെഡിക്കൽ കോളേജിൽ
നിന്നു ഡിഗ്രി പഠനം.സ്റ്റാൻലിയിൽ ഹൗസ് സർജൻസി.മൈറ്റ്രൽ വാല്വോട്ടമി എന്ന ഹൃദയ
ശസ്ത്രക്രിയ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യക്കാരൻ.റോക്ഫെല്ലർ ഫെലോഷിപ് കിട്ടി
ലണ്ടനിലും എഡിൻബറോയിലും ഉപരി പരിശീലനം.കരണാടകയിലും കേരളത്തിലും
അധ്യാപനം നടത്തിയ ശേഷം പാപ്പുവാ ന്യൂ ഗിനിയായിലും ലിബിയായിലും മെഡിക്കൽ
അദ്ധ്യാപകനായി ജോലി നോക്കി.നല്ലൊരു എഴുത്തുകാരൻ.പഠനകാലത്തു തന്നെ
കാരവനിൽ കഥകൾ എഴുതി വരുമാനമുണ്ടാക്കി ചെലവു നടത്തിയിരുന്നു.കഥകൾക്കു
പുറമേ കവിതയും നോവലുകളും എഴുതി.മിക്കവയും കേരള പശ്ചാത്തലത്തിൽ.
സിസ്റ്റർ അല്ഫോൻസാമ്മയെ കുറിച്ചെഴുതിയ പുസ്തകം വഴിയാണു അവർ ശ്രധേയ ആകുന്നതും
പിന്നീട് വാഴ്ത്തപ്പെട്ടവൾ ആകുന്നതും.സിഡ്നി(ആസ്ത്രേലിയാ) റേഡിയോയിൽ അദ്ദേഹത്തിന്റെ
കവിതകൾ വായിക്കപ്പെട്ടിരുന്നു.ശ്വാസകോശ ശസ്ത്രക്രിയകളെ കുറിച്ചുള്ള പഠനം
Results of Resection for Pulmonary Tuberculosis, Indian Journal of Tuberculosis
Vol. III, New Delhi, March, 1956. No. 3.ശ്രദ്ധേയമായി.
സിഡ്നിയിൽ വച്ച് 81 വയസ്സുള്ളപ്പോൾ
അന്തരിച്ചു(1998)

Saturday 21 December 2013

വ്യായാമം എന്ന ദിവ്യൗഷധം.

വ്യായാമം എന്ന ദിവ്യൗഷധം.
ആയുരാരോഗ്യസൗഖ്യത്തിനു മതിയായ അളവിൽ
വ്യായാമം ആവശ്യമാണെന്ന വസ്തുത പുരാതനകാലം
മുതൽക്കേ അറിയാമായിരുന്നു.

മതിയായ അളവിൽ പോഷകാഹാരവും മിതമായ
അളവിൽ വ്യായാമവും ആരോഗ്യപൂർണ്ണമായ
ജീവിതത്തിനാവശ്യമെന്നു ഹിപ്പോക്രാറ്റ്സ് പണ്ടേ പറഞ്ഞിരുന്നു.

എന്നാൽ 1800 വരെ ഈ ഒരു വസ്തുത മിക്ക ചികിൽസകരും
മറന്നുകളഞ്ഞു.

മക്കൻസി എന്ന ചികിൽസകൻ ചിരകാല(ജീവിത ശൈലി) രോഗങ്ങളെ
ഒഴിവാക്കാൻ വ്യായാമം ആവശ്യമെന്ന കാര്യം ഇക്കാലത്ത് ഉറക്കെ പറഞ്ഞു.
തുടന്നു പാശ്ചാത്യരാജ്യങ്ങളിൽ ഭരണാധികാരികൾ കുറഞ്ഞ ചെലവിൽ
സാധാരണക്കാർക്കു വ്യായാമം കിട്ടാനുള്ള മാർഗ്ഗങ്ങൾ ആവിഷകരിച്ചു.
എന്നാലും പുകവലി,മദ്യപാനം,പോഷകാഹാരം എന്നിവയെക്കുറിച്ചു
നടത്താറുള്ള രീതിയിൽ അവിടേയും വ്യായാമത്തെ ക്കുറിച്ചു പൊതു
ജനത്തെ പറഞ്ഞു മൻസ്സിലാക്കാൻ ശ്രമം നടന്നില്ല എന്നവരും ഇന്നു
ഖേദിക്കുന്നു.
ബ്രിട്ടീഷ് ജേർണൽ ഓഫ് ജനറൽ പ്രാക്ടീസ്
എന്ന വൈദ്യശാത്രമാസികയുടെ ജനുവരി ലക്കം എഡിറ്റോറിയൽ
ലേഖനം ഇതു ശരി വയ്ക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു
മരണകാരകമായി തീരുന്ന പത്ത് പ്രമുഖ അവ്സ്ഥകളിൽ
ഒന്ന് വ്യായാമക്കുറവു അഥവാ മെയ്യനങ്ങാ ജീവിത ശൈലി
ആണ്.വർഷംതോറും ഇക്കാരണത്താൽ 19 ലക്ഷം മരണങ്ങൾ
നടക്കുന്നു.അഥിറോസ്ക്ലേറോസ്സിസ് എന്നറിയപ്പെടുന്ന രക്തക്കുഴൽ
ഭിത്തികൾക്കു കട്ടി കൂടുന്ന അവസ്ഥ,അമിത രക്തമർദ്ദം(പ്രഷർ),
പ്രമേഹം,അസ്ഥി ശോഷണം(ഓസ്റ്റിയോപോറോസ്സിസ്),രക്തകോള്സ്റ്റ്രോളിന്റെ
ഉയർന്ന നില, പൊണ്ണത്തടി,ചിലയിനം മനോരോഗങ്ങൾ
എന്നിവ യൊക്കെ വ്യായാമക്കുറവിനാൽ സംഭവിക്കും.
പുകവലി,ഉയർന്ന രക്തകോളസ്റ്റ്രോൾ,ഉയർന്ന രക്തമർദ്ദം എന്നിവയേക്കാൾ
ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണം മെയ്യനങ്ങാ ജീവിത ശൈലിയാണെന്നു
മൻസ്സിലാക്കുക.വ്യായാമം സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നു എന്ന കാര്യം
വിസ്മരിക്കരുത്.വ്യായാമം കാൻസർ സാധ്യതയും കുറയ്ക്കും.വൻ കുടലിനെ
ബാധിക്കുന്ന കാനസർ വ്യായാമം ചെയ്യാൻ മടിക്കുന്നവരിലാണു കൂടുതൽ
കാണപ്പെടുന്നത്.സ്തനം.പ്രൊസ്റ്റേറ്റ് കാൻസർ ബാധകളും വ്യായാമം ചെയ്യാൻ
മടിക്കുന്നവരിലാണു കൂടുതൽ.
ശാരീരികാദ്ധ്വാനവും വ്യായാമവും തമ്മിലുള്ള വ്യത്യാസം
എന്തെന്നു പലർക്കുമറിഞ്ഞുകൂടാ.ശാരീരികാദ്ധ്വാനത്തിന്റെ
ഒരു ഭാഗം മാത്രമാണ് വ്യായാമം എന്നു ലോകാരോഗ്യസംഘടന.
മുൻ കൂറായി പ്ലാൻ ചെയ്ത,ആവർത്തനസ്വഭാവമുള്ള ,ഉദ്ദേശ്യമുള്ള
ഒരു പ്രവൃത്തിയാണ് വ്യായാമം.അതു ശാരീരികക്ഷമത വർദ്ധിപ്പിക്കും.
ശേമുഷി കൂട്ടും.അവയവങ്ങളുടെ പ്രത്യേകരീതിയിലുള്ള ചലനങ്ങൾ,
കളികൾ,നടത്തം ,ഓട്ടം,സൈക്കിളിംഗ് എന്നിവയെല്ലാം വ്യായാമത്തിൽ
പെടും.
അമേരിക്കയിൽ വ്യായാമം പ്രോല്സാഹിപ്പിക്കാൻ നാഷണൽ ഫിസിക്കൽ
ആക്ടിവിറ്റി പ്ലാൻ എന്ന പദ്ധതിയുണ്ട്.രോഗപരിശോധനയ്ക്കെത്തുമ്പോൾ
രക്ത സമ്മർദ്ദം നോക്കുക എന്നതു പോലെ ഓരോ രോഗികളുടേയും വ്യായാമ
വിവരവും ഡോക്ടർ അവിടെ രേഖപ്പെടുത്തണം.വ്യായായം കുറവെന്നു
കണ്ടാൽ അതു കൂട്ടാൻ ഉപദേശം നൽകും.മുലയൂട്ടാന് ഇംഗ്ലണ്ടിൽ അമ്മമാർക്ക്
ഇന്നു പ്രതിമാസം ഇരുനൂറു പൗണ്ട് വീതം ധനസഹായം കൊടുക്കുന്നതു പോലെഅമേരിക്കയിൽ വ്യായായം ചെയ്യാൻ സർക്കാർ ധനസഹായം നൽകുന്നുവത്രേ.അതിനായി ഔഷധക്കുറിപ്പടി എന്ന പോലെ ഡോക്ടർ വ്യായാമക്കുറിപ്പടി
നൽകുന്നു.ഏതിനം വ്യായാമം,എത്രസമയം,എത്ര ദിവസം കൂടുമ്പോൾ,ആഴ്ചയിൽഎത്രതവണ,കഠിനമോ ലഘുവോ,എന്താണു ലക്ഷ്യം എന്നെല്ലാം കുറിപ്പിൽ വ്യക്തമാക്കിയിരിക്കും.യൂ.കെ ഒഴിച്ചുള്ള മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരംവ്യായാമക്കുറിപ്പുകൾ നൽകപ്പെടുന്ന രീതിയുണ്ട്.സ്വീഡൻ ഉദാഹരണം.അവിടത്തെ
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഡോക്ടർമാർക്കു വേണ്ടി ഈ വിഷയത്തിൽഒരു കൈപ്പുസ്തകം ഇറക്കിയിട്ടുണ്ട്.ഒരോ രോഗിക്കും അവരവർക്കു പറ്റിയ വ്യായാമംനിർദ്ദേശിക്കപ്പെടുന്നു.
യൂ.കെ യിലെ ചീഫ് മെഡിക്കൽ ഓഫീസ്സർ വിവിധപ്രായത്തിൽ
ചെയ്യേണ്ട വ്യായാമത്തെ കുറിച്ചു ചില മാർഗ്ഗരേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
19-64 പ്രായത്തിലുള്ളവർ ആഴ്ചയിൽ 150 മിനിട്ട് വ്യായാമം ചെയ്തിരിക്കണം.
കഠിനം കൂടിയതോ കുറഞ്ഞതോ ആവാതെ ഇടത്തരം വ്യായാമം 10 മിനിട്ടു വീതമുള്ള
തവണകളിൽ ആവർത്തിക്കണം.ആഴ്ചയിൽ 5 ദിവസം ഒരു ദിവസം 30 മിനിറ്റ്
എന്ന കണക്കിൽ.ആഴ്ചയിൽ 2 ദിവസം കഠിനമായ വ്യായാമം 75 മിനിട്ട് വീതം
എടുത്താലും മതിയാകും.പേശിബലം കൂട്ടാനാണിത്.65നു മുകളിൽ ഇതു തന്നെ
ആകാം.പക്ഷേ ബാലൻസ് കൂട്ടാനുള്ള വ്യായാമം കൂടി വേണം.പേശികളുടെ
പ്രവർത്തനം ഏകോപിപ്പിക്കാനുള്ള വ്യായാമമുറകളും വേണം.കുട്ടികൾക്കായി
പ്രത്യേക വ്യായാമമുറകളും നിർദ്ദേശിക്കപ്പെടുന്നു.ലിപ്റ്റിനു പകരം നടകൾ
കയറി ഇറങ്ങുക ,ജോലിസ്ഥലത്തേക്കു നടന്നു പോകുക എന്നിവയും
നിർദ്ദേശിക്കപ്പെടുന്നു.
വ്യായാമം സാവധാനം തുടങ്ങി, ക്രമേണ സ്പീഡ് കൂട്ടി
എൻഡുറൻസ്.പ്ല്ക്സിബിലിറ്റി സ്റ്റേജുകൾ വഴി പിന്നെ,
ക്രമേണ സ്പീഡു കുറച്ചു കൊണ്ടു വന്നു വേണം നിർത്തുവാൻ.
ഫീക്വൻസി,ഇന്റൻസിറ്റി,ടൈം,ടൈപ്പ് ഇവയെല്ലാം പ്രാധാന്യം
അർഹിക്കുന്നു.ഒരോരുത്തർക്കും ഇവ വ്യത്യ്സ്തമായിരിക്കും.

കടപ്പാട്:
അജയ് സേത് എക്സർസൈസ് പ്രസ്ക്രിപ്ഷൻ എഡിറ്റോറിയൽ
ബി.ജെ.ജി.പി ജനുവരി 2014

Saturday 14 December 2013

ആമാശയ അൾസർ

ജാവോർസ്കി എന്ന പോളീഷ് ഡോക്ടർ 100 വർഷം
മുമ്പുതന്നെ ചിലരുടെ ആമാശയത്തിൽ സ്പൈറൽ
ആകൃതിയിലുള്ള ചില ബാക്ടീരിയകളെ കണ്ടെത്തിയിരുന്നു.
ബിസ്സാസെറോ എന്ന ഡോക്ടർ ഇതു ശരിയെന്നു കണ്ടെത്തിയിരുന്നു.
എന്നാൽ 1970 വരെ ഈ ബാക്ടീരിയാക്കു വൈദ്യലോകം വലിയ
പ്രാധാന്യം നൽകിയില്ല.ആ വർഷം ആസ്ത്രേലിയായിലെ പെർത്തിലെ
ജെ.ആർ.വാറൻ ഈ ബാക്ടീരിയ ആമാശയത്തിൽ രോഗം ഉണ്ടാക്കുന്നു
എന്നു സംശയിച്ചു.ബി.ജെ.മാർഷൽ എന്ന ഡോക്ടറും ഒത്ത് വാറൻ
1982 ല് 12 രോഗികളിൽ ഹെലികോ ബാക്ടർ പൈലോറൈ എന്ന
ബാക്ടീരിയാ ആമാശയത്തിൽ ഗാസ്റ്റ്രൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു
എന്നു സ്ഥാപിച്ചു.തുടർന്നു നിരവ്ധി പഠനങ്ങൾ ആമാശയ അൾസർ
(ഗാസ്റ്റ്രിക് അൾസർ,പെപ്റ്റിക് അൾസർ) ഈ ബാക്ടീരിയായുടെ സാന്നിധ്യം
കൊണ്ടാണുണ്ടാകെന്നതെന്നു കണ്ടെത്തി. ആദ്യ പേർ കാമ്പൈലോ ബാക്ടർ
പൈലോറിഡിസ് എന്നായിരുന്നു.പിന്നെ കാമ്പൈലോ ബാക്ടർ പൈലോറൈ
എന്നാക്കി.മാർഷൽ സ്വയം ഈ ബാക്ടീരിയയെ വിഴുങ്ങി ഗാസ്റ്റ്രൈറ്റിസ്
ബാധ ഏറ്റുവാങ്ങാനും മടിച്ചില്ല.( സിഫിലിസ് എന്നെ ഗുഹ്യരോഗത്തെ
പഠിക്കാൻ മഹാനായ ഹണ്ടർ രോഗിയുടെ ചലം സ്വയം കുത്തി വച്ച്
സിഫിലിസും(സ്വർണ്ണ നിറമാർന്ന വ്രണം) വെളുത്ത വെള്ളി ചലം വരുന്ന
ഗൊണേറിയായും ഒന്നിച്ചു വാങ്ങിയ ചരിത്രം ഇവിടെ ഓർമ്മിക്കുന്നത
രസകരമാവും)
ആന്റി ബയോട്ടിക്സ് ബിസ്മത് എന്നിവ നൽകി ഹെലികോബാക്ടർ
അണുക്കളെ നശിപ്പിക്കാം എന്നും മാർഷൽ സ്ഥാപിച്ചു.
ഈ ബാക്ടീരിയ ആണു ആമാശയത്തിൽ വരുന്ന ഗാസ്റ്റ്രിക് വ്രണത്തിനും
ഡൂവോഡിനം എന്ന ചെറുകൂടൽ ഭാഗത്തു വരുന്ന ഡൂവോഡിനൽ വ്രണത്തിനും
കാരണം എന്നു സംശയാതീതമായി തെളിയിക്കപ്പെട്ടു.ആമാശയ കാൻസർ,
ലിമ്ഫോമാ എന്നിവയ്ക്കും ഈ ബാക്ടീരിയാ കാരണമാവും.
തിരുവിതാം കൂറിൽ പെപ്റ്റിക് അൾസർ രോഗികൾ വളരെ ഉണ്ടെന്നു
നെയ്യൂരിലെ ഡോ.സോമർ വെൽ കണ്ടെത്തി.എരുവു കൂടിയ ഭക്ഷണം,സമയം
തെറ്റിയുള്ള ഭക്ഷണശീലം,മനോസമ്മർദ്ദം,ചില ഔഷധങ്ങളുടെ തുടർച്ചയായ
ഉപയോഗം എന്നിവ ആണു കാരണം എന്നും കരുതിയിരുന്നു.ദീർഘകാലം
തുടരുന്നവരിൽ ആമാശയത്തിനു ചെറു കുടലിലേക്കു ബൈപാസ് ഉണ്ടാക്കി
വ്രണമുള്ള ഭാഗത്തൂടെ ഉള്ള ആഹാരയാത്ര ഒഴിവാക്കുന്ന ഗാസ്റ്റ്രോ-ജെജുനോസ്റ്റമി
എന്ന ശസ്ത്രക്രിയയാണു സോമർവെല്ലിന്റെ കാലം മുതൽ നടന്നു വന്നിരുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ അറുപതുകളിൽ ഇത്തരം നൂറുകണക്കിനു
ശസ്ത്രക്രിയകൽ ചെയ്തിരുന്നു.ശസ്ത്രക്രിയകൾക്കു വിധേയരായവരിൽ ബൈപാസ്
ബന്ധം ഉണ്ടാക്കിയ സ്ഥാനത്ത്-അനസ്റ്റമോട്ടിക് അൽസർ എന്നെ വ്രണം വീണ്ടും
വന്നിരുന്നു.അതിനു വീണ്ടും ശസ്ത്രക്രിയ.ഇതുണ്ടാവാതിരിക്കാൻ പിന്നീട്
വാഗോട്ടമി എന്ന ശത്രക്രിയ കൂടി ചെയ്തിരുന്നു.ചില സർജന്മാരാകട്ടെ ആമാശയത്തിന്റെ
ഒരു ഭാഗം തന്നെ എടുത്തു കളഞ്ഞിരുന്നു(പാർഷ്യൽ ഗാസ്റ്റ്രെക്ടമി) എണപതുകൾ
ആയപ്പോൾ ഹൈലി സെലെക്ടീവ് വാഗോട്ടമി എന്ന ശത്രക്രീയ ഗാസ്റ്റ്രോ സർജന്മാർ
നമ്മുടെ കേരളത്തിലും ചെയ്തു തുടങ്ങി.ഡോ.എൻ.രാജൻ ഇത്തരം നിരവധി
ശസ്ത്രക്രിയകൾ ചെയ്തിരുന്നു.
ഹെലികോബാകടർ ആണു രോഗകാരണം എന്നു കണ്ടെത്തിയതോടെ ഔഷധ ചികിസ
മതി,ശസ്ത്രക്രിയ വേണ്ട എന്ന സ്ഥിതി വന്നു.
കണ്ടു പിടുത്തങ്ങളുടെ വെളിച്ചത്തിൽ,പുത്തൻ തെളിവുകൾ കിട്ടുമ്പോൾ,ചികിസയിൽ
മാറ്റം വരുത്തും.ഇന്നത്തെ ശരി നാളെ തെറ്റായെന്നും വരാം.

Friday 13 December 2013

പ്രമേഹവും ഓർമ്മക്ഷയവും

പ്രമേഹവും ഓർമ്മക്ഷയവും
ബ്രിട്ടനിൽ ഓർമ്മക്ഷയം ബാധിച്ച 5 ലക്ഷം
അൽഷീമേർസ് രോഗികളൂണ്ട്.
അവരിൽ നല്ല പങ്കും പ്രമേഹത്തിന്റെ അവസാന
ഘട്ടത്തിലാണു താനും.ടൈപ്പ് 2 എന്ന രണ്ടാം തരം
(പ്രായമായവരിൽ കാണുന്ന ഇനമാണിത്.ഒന്നാം തരം
കുട്ടികളിൽ കാണുന്നു.അതു പാരമ്പര്യമായി കിട്ടുന്നതല്ല.
രണ്ടാം തരം പാരമ്പര്യമായി കിട്ടുന്ന ഇനം)
പ്രമേഹരോഗികളിൽ
ആണു ഓർമ്മക്ഷയം.കൂടുതലായി ശ്രവിക്കപ്പെടുന്ന ഇൻസുലിൻ
ഹോർമോണാണു ഓർമ്മകുറയാൻ കാരണം.ഓർമ്മ ക്രമേണ
കുറഞ്ഞ് 70 ശതമാനം രണ്ടാം തരം പ്രമേഹരോഗികളും ഓർമ്മക്ഷയ രോഗികളായി മാറുന്നു.പ്രമേഹരോഗിയെന്നു കാണുന്നതു
മുതൽ തൂക്കം പൊക്കത്തിനനുസരിച്ചു (ബി.എം.ഐ) നിലനിർത്താനും
ആഹാരനിയന്ത്രണം ചെയ്യാനും ശ്രദ്ധിക്കാത്ത പക്ഷം ഓർമ്മക്ഷയം
നിശ്ചയം എന്നറിയുക.
ആദ്യം കുട്ടികളോടൊപ്പം അവരുടെ കളികളിൽ
ഏർപ്പെടാൻ സാധിക്കാതെ വരും.
അതു വർദ്ധിച്ചവസാനം അവരെ
തിരിച്ചറിയാൻ സാധിക്കാതെ വരും.

ബ്രിട്ടനിൽ 25 ലക്ഷം രണ്ടാം തരം പ്രമേഹരോഗികൾ ഉണ്ട്.അവിടത്തെനാഷണൽ ഡയബെറ്റെസ് ഓഡിറ്റ് 2013
ഒക്ടോബറിൽ പുറത്തു വിട്ടപഠന റിപ്പോർട്ട് പ്രകാരം 80 ശതമാനം പൊണ്ണത്തടിക്കാരാണ്.
പ്രമേഹ രോഗികളിൽ ഇൻസുലിൻ പ്രതിരോധം കൂടുന്നതോടെ
രക്തപഞ്ചസാര കുറയ്ക്കാൻ കൂടുതൽ കൂടുതൽ അളവിൽ
ഇൻസുലിൻ സ്രവിക്കപ്പെടുന്നു.തുടർന്നു തലച്ചോറിലെ അമൈലോയിഡിനെ കുറയ്ക്കുന്ന സംവിധാനം തകരാറിൽ ആകും.അമൈലോയിഡ് അളവുതലച്ചോറിൽ കൂടുന്നതോടെ ഓർമ്മക്ഷയം ആരംഭിക്കുന്നു.

പെൺകുട്ടികളും അവരുടെ രക്ഷകർത്താക്കളും ശദ്ധിക്കുക:
പോളിസിസ്റ്റിക് ഓവറികൾ പ്രമേഹത്തിന്റെ ആദ്യപടിയാണ്.
തൂക്കം പൊക്കത്തിനാനുപാതികമായി നിലനിർത്തിയാൽ
മധുര പലഹാരങ്ങളുടെ ഉപയോഗം കുറച്ചാൽ പോളിസിസ്റ്റിക് ഓവറിഎന്ന സ്ഥിതി വിശേഷം മാറ്റിയെടുക്കാം.

ഭക്ഷണത്തിൽ നാലിലൊന്നു മതി അന്നജം.
നാലിലൊന്നു മാംസ്യം(പ്രോട്ടീൻ).
ബാക്കി പകുതി പച്ചക്കറിയും പഴങ്ങളും.
ക ഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
ബേക്കറി പലഹാരങ്ങൾ,ഹോട്ടൽ ഭക്ഷണം,
ബ്രോയിലർ ചിക്കൻ
ഇവ ഒഴിവാക്കണം.
ref:Ewan McNay,Albany University New York &American Diabetic Assn

Tuesday 10 December 2013

ഡോക്ടറന്മാരെ കൃഷിസ്ഥലങ്ങളിലേക്കു വിടണം; ആരോഗ്യമുള്ള ജനസമൂഹമാകണമെങ്കിൽ.

ഡോക്ടറന്മാരെ കൃഷിസ്ഥലങ്ങളിലേക്കു വിടണം;
ആരോഗ്യമുള്ള ജനസമൂഹമാകണമെങ്കിൽ.

ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്ന
തുകയുടെ അടിസ്ഥാനത്തിലാണു ജനതയുടെ
ആരോഗ്യനില/രോഗപ്രതിരോധ ശക്തി എന്നു
കരുതിയാൽ തെറ്റി.അമേരിക്കയിൽ ദേശീയ
വരുമാനത്തിന്റെ 18 ശതമാനം ആരോഗ്യപരിരക്ഷയ്ക്കു
ചെലവഴിയ്ക്കുന്നു.എന്നിട്ടും ആരോഗ്യനിലവാരത്തിൽ
സ്ഥാനം 27. 

രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ്കുറയ്ക്കുന്നു.ഹൃദ്രോഗം,ശ്വാസകോശകാൻസർ,പക്ഷവധം(സ്റ്റ്രോക്ക്),സി.ഓ.പി.ഡി(ക്രോണീക് ഒബ്സ്റ്റക്ടീവ്പൾമണറി ഡിസ്സീസ്(COPD) എന്നിവ പ്രമുഖ കൊലയാളികൾ.
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,ഓർമ്മക്ഷയം,വൻ കുടൽ-മലാശയ കാൻസർ എന്നിവ.

നമ്മുടെ ഇന്ത്യയിൽ ചെലവഴിക്കുന്നത്
ജി.ഡി.പിയുടെ 5.2 ശതമാനം.

4.3 ശതമാനം സ്വകാരമേഖലയിൽ നിന്നും
വെറും 0.9 ശതമാനം സർക്കാർ തലത്തിലും.
ചില ആഫ്രിക്കൻ രാഷ്ടങ്ങൾ ചെലവാകുന്ന അളവിൽ
പോലും ഇന്ത്യ ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്നില്ല.
ചെലവാക്കുന്ന കാര്യത്തിൽ 175 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 171
പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന
10 രാഷ്ടങ്ങളിൽ ഒന്നാണിന്ത്യ.അതിനു പുറമേ
പ്രമേഹം,അമിതരക്തസമ്മർദ്ദം.ഹൃദ്രോഗം എന്നിവയാലും
സമ്പന്നം.

പണ്ടു ചൈന വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നണിയിലായിരുന്നു.
സാംസ്കാരിക വിപ്ലവത്തെ തുടർന്നു അധ്യാപകരെ കൃഷിസ്ഥലങ്ങളിലേക്കയച്ചു.
ഫലം കണ്ടു.ഇത്തണത്തെ പിസാ ടെസ്റ്റിൽ ചൈനയിലെ കുട്ടികൾ
ഒന്നാം സ്ഥാനത്തെത്തി.യൂകെ കുട്ടികൾ 27 എന്ന സ്ഥാനത്തും.
കേരളം ആരോഗ്യ രംഗത്തു മുൻപന്തിയിൽ വരണമെങ്കിൽ എന്തു
ചെയ്യണം.ബഡ്ജറ്റ് അലോട്ട്മെന്റ് കൂട്ടിയാൽ മതിയോ.
പോരാ.18 ശതമാനം ചെലവാക്കുന്ന അമേരിക്ക പോലും 27 എന്ന സ്ഥാനത്ത്.

പിന്നെന്തു ചെയ്യണം?

നമ്മുടെ മെഡിക്കൽ കോളേജ് അധ്യാപകരേയും സ്പെഷ്യലിസ്റ്റുകളേയുംസൂപ്പർ സ്പെഷ്യലിസ്റ്റുകളേയും കൃഷിസ്ഥലങ്ങളിലേക്കു വിടണം.

നല്ല മണ്ണിൽ രാസവളകളകീടപൂപ്പൽ നാശിനികൾ ഒന്നും കൂടാതെ
നല്ല നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്ത് അവ
സാധാരണക്കാർക്ക് കഴിക്കാൻ കൊടുത്താൽ,കൃത്രിമഭക്ഷണം ഒഴിവാക്കാൻസാധിച്ചാൽ അതു മാത്രം മതി നമ്മുടെ ആരോഗ്യനില ഉയരാൻ.

പ്രമേഹം കുറയും.
രക്തസമ്മർദ്ദം കുറയും.
സ്റ്റ്രോക്ക് കുറയും.ഹൃദ്രോഗം
കുറയും കാൻസർ കുറയും.
വൃക്ക മാറ്റലും കരൾ മാറ്റലും ഒഴിവാക്കാം.

രോഗപ്രതിരോധ ശക്തി കൂടുന്നതോടെ പകർച്ചവ്യാധി ബാധ കുറയും.
മാലിന്യങ്ങൾ നാടൻ കൃഷിയ്ക്കു ജൈവവളമാക്കി മാറ്റി പരിസരം
വൃത്തിയാക്കി സൂക്ഷിക്കാനും കഴിയും.

Monday 9 December 2013

ആരോഗ്യപരിരക്ഷ

ആരോഗ്യപരിരക്ഷ
ഫ്രാൻസിലെ ജി.ഡി.പി നിരക്കിനേക്കാൾ കൂടിയ
നിരക്കിൽ അമേരിക്കയിൽ ആരോഗ്യപരിരക്ഷയ്ക്കായി
ദേശീയ വരുമാനം ചെലവഴിക്കപ്പെടുന്നു. 18 ശതമാനം.
അതായത് 5 ഡോളർ കിട്ടുമ്പോൾ ഒരു ഡോളർ ആരോഗ്യ
പരിരക്ഷയ്ക്കായി ചെലവ്ഴിക്കപ്പെടുന്നു.
ലോകോത്തരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന
ബ്രിട്ടനിലെനാഷണൽ ഹെൽത്ത് സർവീസ്സ്(എൻ.എച്.എസ്സ്) മാതൃകയിൽ
(ഇന്നതിനുംനിരവധി വിമർശനം കേൾക്കേണ്ടി വരുന്നു.
ഇന്നു പലതുംപലർക്കും സൗജന്യമല്ല.കാലതാമസം എന്നൊക്കെ ദിവസവുംപത്രങ്ങളിലും ബി.ബി.സിയിലും വാർത്തകൾ)

അമേരിക്കയിലും ഒരു സംവിധാനം വേണമെന്ന മുറവിളി
ഏറെ നാളായി നിലനില്ല്ക്കുകയായിരുന്നു.അവസാനം ഒബാമാ കെയർ
നടപ്പിലാകാൻ പോകുന്നു.2014 ജനുവരി മുതൽ.
അഫോർഡബിൾ കെയർ ആക്ട് ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും.എല്ലാ അമേരിക്കൻ പൗരന്മാരും ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷുറൻസ്കമ്പനിയിൽ രജിസ്റ്റർ ചെയ്യണം.ഒരോരുത്തർക്കും അവർക്കു നല്ലെതെന്നു
തോന്നുന്ന പ്ലാൻ തെരഞ്ഞെടുക്കാം.എന്നാൽ അഫോർഡബിൾ ലെവലിൽഒതുങ്ങൗന്നതായിരിക്കണം.കൊകിലൊതുങ്ങാവുന്നതേ കൊത്താവൂ എന്നുചുരുക്കം.
വരുമാനത്തിൽ കവിഞ്ഞ തുക ചികിസയ്ക്കായി ചെലവഴിക്കേണ്ട അവസ്ഥയിൽ
എത്തി അമേരിക്കൻ പൗരർ എരിപിരി കൊള്ളുന്ന ഈ കാലയളവിൽ ഒബാമാകെയർ അവർക്കു പനിനീർമഴ തന്നെ.ശർക്കരപന്തലിൽ അല്ലെങ്കിൽ പോലും.പൽരും കുടുംബം(എന്നു പറഞ്ഞാൽ ഇവിടെ വീട് എന്നു അർത്ഥമെടുത്താൽ മതി)
വിറ്റു ചികിസ നടത്തിയിരുന്ന അവസ്ഥ ഇനി വെറും പഴങ്കഥ,
എന്നാൽ ഏതു പ്ലാനെടുക്കണം എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ലത്രേ.

സമ്പന്ന രാഷ്ട്രമാണെങ്കിലും ആരോഗ്യനിലയിൽ അമേരിക്ക മറ്റു പല രാഷ്ടങ്ങളുടേയുംപിന്നിലാണെന്നതാണു വാസ്തവം.
ജപ്പാൻ,ഐസ്ലണ്ട്,സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിൽ ആയ്രുർദൈർഘ്യം 82 നു മുകളിൽ.

ആസ്ത്രേലിയാ,ഇറ്റലി,സ്വീഡൻ,സ്പെയിൻ,ഇസ്രയേൽ എന്നിവിടങ്ങളിൽ 81 നു മുകളിൽ.

ഫ്രാൻസ്,നോർവേ,ന്യൂസിലാണ്ട്,കാനഡാ,ആസ്റ്റ്രിയാ,നെതെർലണ്ട്,ജെർമ്മനി,ഫിൻലാണ്ട്80നു മുകളിൽ.

അതിനൊക്കെ താഴെ ബ്രിട്ടൻ.
പിന്നെയും ഒരു പത്തു സ്ഥാനം താഴെയാണു അതി സമ്പന്നമായ അമേരിക്കാ മഹാരാജ്യം.
അതായത് മഹത്തായ ഇരുപത്തി ഏഴാമൻ.

രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ് കുറയ്ക്കുന്നു.
ഹൃദ്രോഗം,ശ്വാസകോശകാൻസർ,പക്ഷവധം(സ്റ്റ്രോക്ക്),സി.ഓ.പി.ഡി(ക്രോണീക് ഒബ്സ്റ്റക്ടീവ്പൾമണറി ഡിസ്സീസ്(COPD) എന്നിവ പ്രമുഖ കൊലയാളികൾ.
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,
ഓർമ്മക്ഷയം,വൻ കുടൽ-മലാശയ കാൻസർ എന്നിവ.

ഇവയുടെ കാരണങ്ങളോ?
1.മോശമായ ഭക്ഷണം(രുചി മാത്രം നോക്കിയുള്ള ഭക്ഷണ ശീലം)
2.പുകയില ഉപയോഗം
3.അമിതമായ രക്തസമ്മർദ്ദം.
4.ഉയർന്നബി.എം.ഐ(ബോഡി മാസ് ഇൻഡക്സ്)
5.വ്യായാമക്കുറവ്

(ഇവയെല്ലാം നാം മലയാളികൾക്കും ബാധകമെന്നു കാണുക.
എല്ലാം നമുക്കു,സാധാരൺക്കാർക്കു
നിയന്ത്രിക്കാൻ കഴിയുന്നവയാണെന്നും അറിയുക)

ref:BJOG vOL 12.NO 13.DECEMBER2013 PAGE 1583.AMERICAN HEALTH CARE

Friday 6 December 2013

ഹോസ്പിറ്റൽ സൂപ്പർ ബഗ്സ് എന്ന അതിഭീകരരോഗാണുകൾ

ഹോസ്പിറ്റൽ സൂപ്പർ ബഗ്സ് എന്ന അതിഭീകരരോഗാണുകൾ
ഹോസ്പിറ്റൽ സ്റ്റാഫിനെ പേടിക്കണം എന്നൊരു ചൊല്ലു പണ്ടേ
ഉണ്ടായിരുന്നു ഞങ്ങൾ ഡോക്ടറന്മാരുടെ ഇടയിൽ.ആശുപത്രി
ജോലിക്കാർ എന്നതല്ല ഇവിടെ പരാമർശവിധേയമാകുന്ന സ്റ്റാഫ്.
ഹോസ്പിറ്റലുകളിൽ കാണപ്പെടുന്ന സ്റ്റാഫിലോകോക്ക എന്ന രോഗാണുക്കൾ
ആണിവിടത്തെ സ്റ്റാഫ്.ആശുപ്ത്രിയിൽ സാധാരണ നൽകപ്പെടാറുള്ള
ആന്റിബിയോട്ടിക്കുകളെ അതിജീവിക്കാനുള്ള കഴിവു നേടിയ ഭീകരരാണിവർ.
അവരെ വക വരുത്തുക,അല്ലെങ്കിൽ അവരുടെ വിഭജനം തടയുക ബുദ്ധിമുട്ടാവും.
ഇപ്പോൾ അത്തരം സ്റ്റാഫ്(സ്റ്റാഫിലോകോക്കകൾ) വെറും പഴങ്കഥ.
അതിലും എത്രയോ വലിയ ഭീകരർ.
ഡിസംബർ ഒന്നിനിറങ്ങിയ സണ്ടേ ടൈംസിൽ ഹെൽത്ത് എഡിറ്റർ സാറാ കേറ്റ്
ടെമ്പിൾടൺ ഹോസ്പിറ്റൽ ബുഗ്ഗിനെതിരെ വാക്സീൻ കണ്ടു പിടിക്കേണ്ടത്തിന്റെ
ആവശ്യകത അവതരിപ്പിക്കുന്നു:
ബ്രിട്ടനിലെ ആശുപത്രികളിൽ ലഘു രോഗങ്ങളാലും ലഘൂ ശസ്ത്രക്രിയകളെ തുടർന്നും
മരണമടയുന്ന രോഗികളുടെ എണ്ണം കൂടിക്കൂടി വരുന്നു.
ബ്രിട്ടനിലെ ചീഫ് മെഡിക്കൽ ഓഫീസ്സർ പ്രൊഫ.ഡേം സാലി ഡേവീസ്സിൽ നിന്നു
കിട്ടിയ ചില വിവരങ്ങൾ സാറ വായനക്കാരുമായി പങ്കു വയ്ക്കുന്നു:

ഹോസ്പിറ്റലുകളിൽ കാണപ്പെടുന്ന സ്റ്റാഫിലോകോക്ക 
എന്ന രോഗാണുക്കൾആണിവിടത്തെ സ്റ്റാഫ്.ആശുപ്ത്രിയിൽ സാധാരണ നൽകപ്പെടാറുള്ളആന്റിബിയോട്ടിക്കുകളെ 
ലഭ്യമായ ആന്റി ബയോട്ടിക്കുകളെ അതിജീവക്കാൻ
കഴിവു നേടിയ ഈ-കോളൈ,മെതിസിലിൻ റസിസ്റ്റന്റ്
സ്റ്റാഫിലൊക്കൊക്കസ് ഓറിയസ് (MRSA)എന്ന സ്റ്റാഫ് എന്നിവയുടെ
ബാധയാൽ അകാലത്തിൽ മരണ/കൊല്ല പ്പെടാതിരിക്കണമെങ്കിൽ
ആശുപത്രിയിൽ പ്രവേശനം തേടാൻ ഉദ്ദേശിക്കുന്നവർ ഈ
രോഗാണുഅൾക്കെതിരെ പ്രതിരോധകുത്തി വയ്പ്പെടുത്തു
വേണ്ടി വരും ഇനി ആ പടി ചവിട്ടാൻ.യൂറോപ്പിൽ
വർഷം തോറും 25,000 പേർ ഇത്തരം അണുബാധയാൽ
ആശുപത്രി വാസത്തെ തുടർന്നു അകാലത്തിൽ മരണമടയുന്നു.
ആന്റി ബിയോട്ടിക്കുകളുടെ അമിത ഉപയോഗം(ഓർമ്മിക്കുക
ബ്രിട്ടനിൽ ഒരു ഡോക്ടർക്കു മാത്രമേ ഒരു ആന്റിബയോട്ടിക്
കുറിപ്പ് നൽകാനാവൂ.നമ്മുടെ നാട്ടിൽ അതാർക്കും വാങ്ങാം.
ദുരുപയോഗം നമ്മുടെ നാട്ടിൽ എത്രയോ കൂടുതൽ),ശുചിത്വമില്ലായ്മ
ഇവയാണു ഈ ഭീകരരുടെ വളർച്ചയ്ക്കു കാരണം.
സാല്മൊനെല്ലാ,സ്റ്റാഫിലോകോക്കസ് ഓറിയസ് എന്നിവയ്ക്കെതിരെ
ഉള്ള വാക്സിനുകൾ അധികം താമസ്സിയാതെ ലഭ്യമാകും.
ഈ ഡിസംബർ(2003) അവസാനം ഖത്തറിൽ വേൾഡ് ഇനോവേഷൻ
സമ്മിറ്റ് ഡേവിസിന്റെ അധ്യക്ഷതയിൽ കൂടുകയാണ്.
വാക്സിൻ കണ്ടു പിടിക്കാതെ വന്നാൽ മാനവരാശിയിൽ നല്ല പങ്കും
അധികം താംസ്സിയാതെ ലഘു രോഗങ്ങളാൽ മരണമടയും.പുതിയ
ആന്റിബിയോട്ടിക്കുകൾ കണ്ടെത്താൻ ഔഷധ നിർമ്മാണകമ്പനി
കൾക്ക്ഇപ്പോൾ താപ്പര്യമില്ല.1990ല് അത്തരം ഗവേഷണം നടത്തിയിരുന്ന 18കമ്പനികൾ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ വെറും 5.കൂടുതൽ ലാഭംകാൻസറിനെതിരെയുള്ള മരുന്നു കണ്ടു പിടിച്ചാലാണു കിട്ടുക എന്നതാണുകാരണം.

സന്ധി മാറ്റ ശസ്ത്രക്രിയകൾ മുതലായവയ്ക്കു വിധേയ്രാകാനുദ്ദേശികുന്നവർവാക്സിൻ എടുക്കാതെ ,അവയ്ക്കു വിധേയരായാൽ,വീട്ടിലേക്കു ജീവനോടെമടങ്ങിയില്ല എന്നു വരാം.
ചികിസയേക്കാൾ പ്രാധാന്യം രോഗപ്രതിരോധത്തിനു വേണം എന്നു പഴയകാലഡോക്ടർമാർ പറഞ്ഞു തന്നത് ആധുനിക കാലത്ത അതിവിദഗ്ധ ഡോക്ടറന്മാരുംമനസ്സിലാക്കുന്ന കാലം വരുന്നു.ആന്റിബിയോട്ടിക്കിനെ അതി ജീവിക്കാൻ കഴിയുന്നരോഗാണു ബാധ കിട്ടിയാൽ അവരിൽ 30-50 ശതമാനവും മരണമടയും എന്നോർക്കുക.